» ‍പാസ്‌വേഡുകള്‍ സുരക്ഷിതമാക്കാന്‍ - SYSTEMTRICK

SYSTEMTRICK

SYSTEMTRICK MAKE A SYSTEMATICAL TRICK

Sidebar Ads

test banner

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

11.3.11

» ‍പാസ്‌വേഡുകള്‍ സുരക്ഷിതമാക്കാന്‍



ഡിജിറ്റല്‍ യുഗമാണിത്. പസ്‌വേഡുകള്‍ അഥവാ രഹസ്യ അടയാളവാക്കുകള്‍ ജീവിതത്തിന്റെ അഭിഭാജ്യ ഘടകമായ കാലം. സ്വകാര്യത സൂക്ഷിക്കാനും സാമ്പത്തിക ഇടപാടുകള്‍ക്കുമെല്ലാം പാസ്‌വേഡുകള്‍ കൂടിയേ തീരൂ. ഇമെയില്‍, ബാങ്കിംഗ്, ഷോപ്പിംഗ്, എ ടി എം, സൗഹൃദക്കൂട്ടായ്മകള്‍, ഫോറങ്ങള്‍, ഡോക്യുമെന്റുകള്‍, ഡാറ്റാബേസുകള്‍, ക്രഡിറ്റ് കാര്‍ഡ്, ബയോസ് പാസ് വേര്‍ഡ്, ലോഗിന്‍ പാസ് വേര്‍ഡ്, നെറ്റ് വര്‍ക്ക് പാസ് വേര്‍ഡ് .. തീര്‍ന്നില്ല, ആധുനിക ഡോര്‍ ലോക്കുകള്‍ മുതല്‍ ടീവിയില്‍ ചൈല്‍ഡ് ലോക്കിനിടുന്ന നാലക്ക സംഖ്യകള്‍ വരെ നീളുന്നു പാസ്‌വേഡുകള്‍ ആവശ്യമായയിടങ്ങളുടെ നിര.
പല ഇന്റര്‍നെറ്റ് ഉപയോക്താക്കളും സുപ്രധാനമായ പാസ്‌വേഡുകള്‍ തെരഞ്ഞെടുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും അത്ര ശ്രദ്ധ പുലര്‍ത്തുന്നില്ല എന്നാണ് പഠനങ്ങളും സര്‍വ്വേകളും നല്‍കുന്ന സൂചന. ഇതുമൂലം മാനഹാനി മുതല്‍ വന്‍ സാമ്പത്തിക നഷ്ടം വരെ അനുഭവിക്കേണ്ടി വരുന്നവര്‍ കുറവല്ല. അതിനാല്‍ പാസ്‌വേഡ് സുരക്ഷ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

പാസ്‌വേഡുകള്‍ മോഷ്ടിക്കപ്പെടുന്നത്

ഒരു പാസ്‌വേഡും പൂര്‍ണമായി സുരക്ഷിതം ആണെന്ന് അവകാശപ്പെടാന്‍ കഴിയില്ല. വിദഗ്ധമായി തയ്യാറാക്കിയ കമ്പ്യൂട്ടര്‍ പ്രോഗ്രമുകള്‍ കൊണ്ട് ഏതു പാസ്‌വേഡിനേയും മോഷ്ടിച്ചെടുക്കാനാകും. പക്ഷേ, ഇതിനെടുക്കുന്ന സമയം വളരെ പ്രധാനമാണ്. ഒരു സ്യൂട്ട് കേസിന്റെ നമ്പര്‍ലോക്കില്‍ ഇട്ട കോഡ് മറന്നു പോയാല്‍ എന്തു ചെയ്യും. മൂന്നക്ക ലോക്ക് ആണെങ്കില്‍ 000 മുതല്‍ 999 വരെ ഓരോ നമ്പറും പരീക്ഷിക്കുക തന്നെ. ഒരു നമ്പര്‍ പരീക്ഷിക്കാന്‍ ശരാശരി 5 സെക്കന്റ് എടുക്കും എങ്കില്‍ ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ട് പൂട്ടു തുറക്കാന്‍ ആകും.

നിങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള സംഖ്യകളുടെ ഒരു പട്ടിക തയ്യാറാക്കി അവ ആദ്യം പരീക്ഷിച്ചാല്‍ ചിലപ്പോള്‍ മിനിട്ടുകള്‍ കൊണ്ടു തന്നെ തുറക്കാനാകും. കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന പാസ് വേഡുകളുടെ കാര്യവും ഇതു പോലെതന്നെയാണ്. ഇവിടെ ഓരോ പാസ്‌വേഡും ഒന്നൊന്നായി പരിശോധിക്കുന്നത് കമ്പ്യൂട്ടര്‍ പ്രോഗ്രാം ആണെന്നു മാത്രം. കമ്പ്യൂട്ടറിന്റെ വേഗത്തിനനുസരിച്ച് സെക്കന്റില്‍ പതിനായിരക്കണക്കിനു പാസ്‌വേഡുകള്‍ പരീക്ഷിക്കാന്‍ കഴിയുന്ന സോഫ്ട്‌വേറുകള്‍ നിലവിലുണ്ട്.

1. പാസ്‌വേഡുകള്‍ ഊഹിച്ചെടുക്കല്‍



ഇത് പ്രത്യേകിച്ച് സോഫ്ട്‌വേര്‍ വിജ്ഞാനം ഒന്നും ഇല്ലാതെത്തന്നെ പലരും ചെയ്യുന്നതാണ്. അടുത്ത കാലത്തായി യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയുടേതടക്കം പല പ്രമുഖരുടേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത ഒരു വിദ്വാന്‍ അകത്തായത് ഓര്‍മ്മയില്ലേ? അയാള്‍ ചെയ്തതും ഇതുതന്നെ. മിക്കവാറും പ്രമുഖരുടെ കുടുംബകാര്യങ്ങള്‍ അടക്കമുള്ള എല്ലാ കാര്യങ്ങളും ഇന്റര്‍നെറ്റില്‍ ആധികാരികമായിത്തന്നെ ലഭ്യമാണ്. ആ നിലയ്ക്ക് അവര്‍ ലളിതമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഊഹിച്ചെടുക്കുക അത്ര പ്രയാസമുള്ള കാര്യമല്ല. ജനനത്തീയതി, കുടുംബാംഗങ്ങളുടെ പേര്, വാഹന നമ്പര്‍ തുടങ്ങിയവ ഇത്തരത്തില്‍ ഊഹിച്ചെടുക്കാന്‍ എളുപ്പമാണ്.

സാധാരണ വെബ് സൈറ്റുകളിലും ഇമെയില്‍ സേവന സംവിധാനങ്ങളിലും പാസ്‌വേഡുകള്‍ മറന്നു പോകുകയാണെങ്കില്‍ റീസെറ്റ് ചെയ്യാനായി ഒന്നോ രണ്ടോ അടയാള ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് ഹാക്കര്‍മാരുടെ ജോലി കൂടുതല്‍ എളുപ്പമാക്കുന്നു. നിങ്ങളുടെ പാസ്‌വേഡിനെപ്പോലെത്തന്നെ പ്രാധാന്യം ഉള്ളതാണ് പാസ്‌വേഡ് റീസെറ്റ് ചോദ്യവും. മിക്കവാറും ചോദ്യങ്ങള്‍ ഇത്തരത്തിലുള്ളവ ആയിരിക്കും ‘ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദം എന്ത്?’, ‘നിങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തു മൃഗത്തിന്റെ പേരെന്ത്’ ? നിങ്ങള്‍ ആദ്യം വാങ്ങിയ വാഹനത്തിന്റെ നമ്പര്‍ എന്ത് ?….എന്നിങ്ങനെ. ഇത്തരത്തിലുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഊഹിച്ചെടുക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും വ്യക്തിയുമായി കൂടുതല്‍ അടുപ്പമുള്ള ആളാണെങ്കില്‍ അതത്ര വിഷമമുള്ള കാര്യമാവില്ല.

2. നിഘണ്ടു ആക്രമണം (Dictionary Attacks)



പല പാസ്‌വേഡ് ക്രാക്കിംഗ് സോഫ്ട്‌വേറുകള്‍ വളരെ സാധാരണയായി ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യ ആണ് ‘നിഘണ്ടു ആക്രമണം’. അതായത് നിഘണ്ടുവില്‍ (പ്രധാനമായും ഇംഗ്ലീഷ്) ഉള്ളതും സാധാരണ ഉച്ചരിക്കുന്നതുമായ വാക്കുകള്‍ ഒന്നിനു പിറകേ ഒന്നായി പാസ്‌വേഡ് ആയി പരീക്ഷിക്കുക. പാസ്‌വേര്‍ഡ് റിക്കവറി ടൂള്‍ കിറ്റ് എന്ന പ്രശസ്തമായ സോഫ്ട്‌വേര്‍ ഇത്തരത്തില്‍ ഒന്നാണ്. ഒന്നിനു പിറകെ ഒന്നായി പാസ് വേഡുകള്‍ പരീക്ഷിക്കുന്നതിനെ ‘ബ്രൂട്ട് ഫോഴ്‌സ് അറ്റാക്ക്’ എന്നാണു വിശേഷിപ്പിക്കുന്നത്.
ഇപ്പോള്‍ മിക്കവാറും എല്ലാ ഇമെയില്‍ അക്കൗണ്ടുകളും ബാങ്കിംഗ് സൈറ്റുകളും സൗഹൃദക്കൂട്ടായ്മകളും ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ നിന്ന് ഒരു പരിധി വരെ മുക്തമാണ്. കാരണം രണ്ടോ മൂന്നോ തെറ്റായ ശ്രമങ്ങള്‍ക്കു ശേഷം അക്കൗണ്ട് സ്വാഭാവികമായിത്തന്നെ ഒരു നിശ്ചിത സമയത്തേക്ക് ലോക്ക് ആയിപ്പോകുന്നു. ഉദാഹരണമായി എസ് ബി ഐയുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് സൈറ്റ് തന്നെ എടുക്കാം. തുടര്‍ച്ചയായ മൂന്നു ശ്രമങ്ങള്‍ക്കൊടൂവിലും ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ 24 മണിക്കൂര്‍ നേരത്തേക്ക് പ്രസ്തുത അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയില്ല.
ഇത് വെബ്‌സൈറ്റുകളുടെ കാര്യം. പക്ഷേ ഒരു വേര്‍ഡ് ഫയലോ എക്‌സല്‍ ഫയലോ, അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും സോഫ്ട്‌വേറോ ആണെങ്കില്‍ ഇപ്പോഴും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ബ്രൂട്ട് ഫോഴ്‌സ് അറ്റാക്ക് തന്നെ ആണ്. സെക്കന്റില്‍ പതിനായിരക്കണക്കിനു പാസ്‌വേഡുകള്‍ ആണ് ഇത്തരം റിക്കവറി സോഫ്ട്‌വേറുകള്‍ പരീക്ഷിക്കുന്നത്. അതായത് എത്ര വലിയ പാസ്‌വേഡുകള്‍ ആണെങ്കിലും ചുരുങ്ങിയ സമയങ്ങള്‍ക്കകം തകര്‍ക്കപ്പെടുന്നു.
ശക്തമായ പാസ്‌വേഡുകള്‍ നിര്‍മ്മിക്കാന്‍ പലരും അക്ഷരങ്ങള്‍ക്കു പകരമായി അക്കങ്ങളും ചിഹ്നങ്ങളും ഒക്കെ മാറ്റി മറിച്ച് ഉപയോഗിച്ചിരുന്നു. ഉദാഹരണമായി a, A ക്കു പകരമായി @, B ക്കു പകരമായി 3, ‘t’ ക്കു പകരമായി ’7′, ‘S’ നു പകരമായി $, ‘X’ നു പകരമായി * തുടങ്ങിയവ അവയില്‍ ചിലതു മാത്രം. പക്ഷേ ഇന്നു ലഭ്യമായ പാസ്‌വേഡ് പൊളിക്കല്‍ സോഫ്ട്‌വേറുകള്‍ ഇങ്ങനെയുള്ള സാധ്യതകള്‍ കൂടി മുന്‍കൂട്ടിക്കണ്ട് പുതുക്കപ്പെട്ടവയാണ്. അതായത് നിഘണ്ടുവിലുള്ള പദമായ ‘Apple’ നു പകരമായി ‘@Pp1e’ എന്നു ഉപയോഗിച്ചാലും അതിനെ ഒരു നല്ല പാസ്വേഡ് ആയി കണക്കാക്കാന്‍ കഴിയില്ല. അുുഹല ന്റെ തിരിച്ചെഴുത്ത് ആയ Elppa നിഘണ്ടുവില്‍ കാണാന്‍ കഴിയില്ലെങ്കിലും ഒരു നല്ല പാസ്വേഡ് അല്ല.

3. കീ ലോഗര്‍ പ്രോഗ്രാമുകള്‍

ശക്തമായ വൈറസ് പ്രതിരോധ പ്രോഗ്രാമുകള്‍ ഉപയോഗിക്കാത്തതും ഓപ്പറേറ്റിംഗ് സിസ്റ്റം സമയാ സമയം പുതുക്കപ്പെടാത്തതുമായ കമ്പ്യൂട്ടറുകളില്‍ കീ ലോഗറുകള്‍ എന്നറിയപ്പെടുന്ന ദുഷ്ട പ്രോഗ്രാമുകള്‍, നിങ്ങള്‍ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്ന ഓരോ അക്ഷരങ്ങളും പകര്‍ത്തി ഹാക്കര്‍മാരുടെ കൈകളില്‍ എത്തിക്കുന്നു. ലിനക്‌സ് , മാക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഒരു പരിധിവരെ ഇത്തരം പ്രോഗ്രാമുകളില്‍ നിന്നും മുക്തമാണ്. നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം വിന്‍ഡോസ് പതിപ്പുകളും വ്യാജം ആയതിനാല്‍ കാലാനുസൃതമായി മൈക്രോസോഫ്ട് പുറത്തിറക്കുന്ന സുരക്ഷാ പതിപ്പുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല. എത്ര തന്നെ ശക്തമായ വൈറസ് പ്രതിരോധ സോഫ്ട്‌വേറുകള്‍ ഉപയോഗിച്ചാലും ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ സുരക്ഷാ പഴുതുകള്‍ ഇത്തരം ദുഷ്ട പ്രോഗ്രാമുകളുടെ നുഴഞ്ഞു കയറ്റത്തിന് വഴിവക്കുന്നു.


4. ബ്രൗസറുകളില്‍ പാസ് വേഡ് സൂക്ഷിക്കുക വഴി



ബ്രൗസറുകളില്‍ പാസ്‌വേഡുകളും യൂസര്‍ ഐഡിയും സൂക്ഷിക്കാന്‍ കഴിയുന്നു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, ക്രോം, ഫയര്‍ഫോക്‌സ് തുടങ്ങിയ ബ്രൌസറുകളില്‍ സൂക്ഷിച്ചിരിക്കുന്ന പാസ്‌വേഡുകള്‍ ഒരു പ്രോഗ്രാമിന്റെയും സഹായം ഇല്ലാതെത്തന്നെ കാണാന്‍ കഴിയും. പൊതു കമ്പ്യൂട്ടറുകളില്‍ (ഇന്റര്‍ നെറ്റ് കഫേകളിലും ഓഫീസുകളിലും മറ്റും) ഇത്തരത്തില്‍ പാസ്‌വേഡുകള്‍ സൂക്ഷിച്ചാല്‍ ആര്‍ക്കും അവ ദുരുപയോഗം ചെയ്യാന്‍ കഴിയും.

5. ഫിഷിംഗ് സൈറ്റുകള്‍ വഴി

അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ വര്‍ധിച്ചിരിക്കുന്ന ഒരു പാസ്‌വേഡ് മോഷണ രീതി ആണു ഫിഷിംഗ് സൈറ്റുകളും വ്യാജ ഇമെയില്‍ സന്ദേശങ്ങളും. യഥാര്‍ഥ സൈറ്റുകളോടു സാമ്യമുള്ള വ്യാജ സൈറ്റുകള്‍ വളരെ വിദഗ്ദമായി ഉപയോക്താക്കളെ കുഴിയില്‍ ചാടിക്കുന്നു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ ലഭിക്കാത്തവര്‍ വിരളം ആയിരിക്കും. എല്ലാ ബാങ്കുകളും ഫിഷിംഗിനെക്കുറിച്ചു വളരെ വിശദമായ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ടെങ്കിലും അജ്ഞതയും അശ്രദ്ധയും കാരണം പലരും വ്യാജന്മാരുടെ കെണിയില്‍ പെടാറുണ്ട്. ഒരു കറന്‍സി നോട്ടു കിട്ടിയാല്‍ അത് വ്യാജനാണോ എന്ന് പരിശോധിക്കുന്നതു പോലെത്തന്നെ പ്രധാനം ആണ് വ്യാജസൈറ്റുകളെ തിരിച്ചറിയുന്നതും.

6. വിശ്വാസ യോഗ്യമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏഅൃരവശ്‌ലൃ എന്ന ഒരു പ്രോഗ്രാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഉപയോക്താക്കള്‍ക്ക് ജിമെയില്‍ അക്കൌണ്ടിന്റെ ഒരു ലോക്കല്‍ കോപ്പി കമ്പ്യൂട്ടറില്‍ എടുത്തുവയ്ക്കുന്നതിന് ഉപകരിക്കുന്ന പ്രോഗ്രാം ആയിരുന്നു ഇത്. പക്ഷേ ഇതിന്റെ മൂല കോഡ് പരിശോധിച്ച ഒരു പ്രോഗ്രാമര്‍ ഞെട്ടിക്കുന്ന ഒരു വസ്തുതയാണ് കണ്ടെത്തിയത്. ഓരൊ തവണയും ഈ പ്രോഗ്രാം ഉപയോഗിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആളുടെ യൂസര്‍ ഐഡിയും പാസ്വേഡും പ്രോഗ്രാമറുടെ ഇമെയില്‍ ഐഡിയിലേക്ക് പോകുന്നതായി കണ്ടു. പിന്നീട് അവര്‍ ഇതിനെ ഒരു അബദ്ധം ആയി ന്യായീകരിക്കുകയുണ്ടായെങ്കിലും വിശ്വാസ്യതയില്ലാത്ത പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നതു കൊണ്ടുള്ള കുഴപ്പങ്ങളുടെ ഒരു ഉത്തമ ഉദാഹരണം ആണ് ഇത്.
പാസ്‌വേഡുകളും മറ്റു സ്വകാര്യ വിവരങ്ങളും ചോര്‍ത്തുവാന്‍ ഇപ്പോഴും വളരെ അധികം ഉപയോഗിക്കുന്ന ഒന്നാണ് ബ്രൗസര്‍ ടൂള്‍ബാറുകള്‍. യൂട്യൂബ് വീഡിയോകളും മറ്റു സോഫ്ട്‌വേറുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ടിയാണ് പലരും ഇത്തരം ടൂള്‍ബാറുകള്‍ ബ്രൗസറുകളില്‍ ഉപയോഗിക്കുന്നത് എന്നാല്‍ വിശ്വാസ്യയോഗ്യമല്ലാത്ത ടൂള്‍ബാറുകളുടെ ഉപയോഗം സ്വകാര്യതക്ക് വലിയ ഭീഷണി തന്നെ ആണ്.
കടപ്പാട്:മാതൃഭൂമി

Post Top Ad

Responsive Ads Here